Wednesday, June 8, 2011

ജല്പനം ഭാഗം 1

ഏകാന്ത തടവായിരിക്കണം
കുറ്റം എന്തോ ആകട്ടെ

മുറിയിലെ കരിങ്കല്‍ ഭിത്തിയില്‍ ഒരു ജനാല വേണം
അതിലൂടെ കടല്‍ കാണണം
ഡോള്‍ഫിനെ കാണണം
അവനങ്ങനെ മറിയുന്നത് കാണണം

പിന്നെ ഭൂഖണ്ഡങ്ങള്‍ കാണാന്‍
ഒരു അറ്റ്ലസ്

മതി........ ധാരാളം.

Monday, July 19, 2010

യുക്തിവാദിയായ ഞാന്‍



മയക്കത്തെ പിടിച്ചുലച്ചൊരാ
ദ്രക്കുലാ സ്വപ്നത്തിന്‍
മാംസചോരമയമാം ക്ല്യ്മാക്സിന്‍ നടുക്കത്തില്‍നിന്ന്
ഞെട്ടി ഉണര്‍ന്ന്
ഒരുമൊന്ത വെള്ളം അകത്താക്കി
കോവൂറിനെ ധ്യാനിച്ച്‌
വീണ്ടും ശയ്യാവലംബനായി

അലുംനി വിലാപം


കടവെത്തുവോളം
കഥപറഞ്ഞു തന്ന
കടത്തുകാരന്‍
കഥാവശേഷനായി
കവിളത്ത് മറുകുള്ള
കാമിനിമാര്‍ക്ക്
കവിതകളെഴുതിയ
കള്ളക്കാമുകന്മാര്‍
കടവിലിന്നെവിടെയുമില്ല
പൂക്കൈതതന്‍ തെളിനീരില്‍
തെളിയുന്നീലിന്ന്
വളഞ്ഞതും നെടിയതും
തെല്ലു ചാഞ്ഞതുമായ
കേരനിഴലുകള്‍
ബി ഓ ടി പാലത്തിന്‍
മുകളില്‍ നിന്ന് കാണുന്ന
പഴയ കടവ്:
കോണ്‍ക്രീറ്റ് വസന്തം
ഇന്നില്ല:
പൂക്കൈതതന്‍
ഹൃദയത്തിന്‍ ചെളിമണം
പരല്‍ പള്ളത്തി കരിമീന്‍ മണം
കടത്തുകാരന്റെ കഥ മണം
അവളുടെ വാസന സോപ്പിന്‍ കുളി മണം
[ക്യാമ്പസ്‌പുഴ മുറിച്ചു പാലം വന്നതിലുള്ള ദുഃഖം പഴയ ഒരു കാമുകന്‍ (റിട്ടയേര്‍ഡ്‌ഹര്‍ട്ട് ) പന്ഗു വെച്ചതില്‍നിന്ന്]

പുലരിവിരിയും മുമ്പ്


നേരമായ് നേരമായ്
രാത്രീ കൊഴിഞ്ഞു പോയ്‌
വേഗമുണര്‍ന്നു നീ
യാത്രയാകൂ
തെക്കേ തുരുത്തിലെ
കായലിന്‍ ഓരത്ത്
കൈതവരാലിന്‍
തടം കിടപ്പൂ

എത്രനാള്‍ ഇങ്ങനെന്‍
മാറിലെ ചൂടിനോ-
ടൊട്ടി കിടന്നു നീ
തള്ളി നീക്കും
എത്രനാള്‍ ഇങ്ങനീ
ചെറ്റക്കുടീയിലെ
പട്ടിണീം പ്രേമവും
ഒത്തു പോകും

ഒറ്റാലും കൂടയും
താമര തോണിയും
സ്ത്രീധനമായി ഞാന്‍
തന്നതല്ലേ
എന്നിട്ടും എന്നെയീ
ചെറ്റക്കുടീയിലെ
കീറിയ പായില്‍
കിടത്തൂ എന്തേ

ചുണ്ടിലെ തേന്‍മോഴീം
നെഞ്ചിലെ കൊഞ്ചലും
റേഡിയോ സെറ്റിനു
പകരമാവോ
എന്നുടെ വയറ്റിലൊരു
കാര്‍വര്‍ണ്ണന്‍ എങ്കിലോ
വേണ്ടേ അവനൊരു
പോന്നേലസ്സ്
എന്നുടെ വയറ്റിലൊരു
പെണ്മണി എങ്കിലോ
വേണ്ടേ അവള്‍ക്കൊരു
പാദസരം

തീക്കനല്‍ പൊലെയീ
ഇന്നിന്‍റെ നീറ്റലും
നാളേടെ ചോദ്യവും
ഓര്‍മ്മയില്‍ ഉണ്ടായിരിക്കവേണം
ഓര്‍മ്മകള്‍ ഓര്‍മ്മകള്‍
ഓളങ്ങള്‍ പോലവ
നിന്നുടെ നെഞ്ചില്‍
അലയടിച്ചാല്‍
പൂത്തുലഞ്ഞാടീടും
നമ്മുടെ വള്ളികള്‍
സ്നേഹം ചുരത്തിടും
പര്‍ണ്ണശാല

നേരമായ് നോക്കുനീ
കുന്നിന്‍ ചെരുവിലൂ-
ടര്‍ക്കനുദിക്കേണ്ട
നേരമായി
പോവുക വേഗം നീ
തെക്കേ തുരുത്തിലെ
കൈതവരാലിന്‍
തടത്തിലേക്ക്‌

അനശ്വരമായ ആമ്പല്‍പൂ മൊട്ട്



ആമ്പല്‍പൂ
പൊട്ടിക്കാന്‍ പോയപ്പോള്‍
കയത്തിലെ
ദേവതമാരെ
കണ്ടിരുന്നുവോ നീ
അവര്‍ നിന്‍റെ
കുഞ്ഞുചുണ്ടുകളില്‍
സ്നേഹത്തോടെ
ചുംബിച്ചിരുന്നുവോ

ആ ഇളം ചുംബന
സുകൃതമായിരുന്നുവോ
നനഞ്ഞ മണ്‍തിട്ടയില്‍
ആരോ എടുത്തു കിടത്തിയ
നിന്‍റെ മുഖത്ത്
ആര്‍ത്തലച്ചുവന്ന
അമ്മ
ഇന്നും ഓര്‍ത്തിരിക്കുന്ന
കള്ള കൃഷ്ണന്‍റെ ചിരി

ആ ചിരി ഇന്നും
അവരുടെ കണ്ണുനീരില്‍
കാണാറുണ്ട്‌

തെല്ല് അസൂയ്യയോടെ
ഓര്‍ക്കാറുണ്ട്
ആമ്പല്‍പൂക്കള്‍ക്കൊപ്പം
മുങ്ങിത്താണ നീ
എത്ര ഭാഗ്യവാന്‍ എന്ന്

യക്ഷി


മാവില്‍ തൂങ്ങിയ ജാനകി
മാമ്പൂ മണക്കുന്ന രാത്രിയില്‍
മാനസത്തില്‍ തെളിഞ്ഞപ്പോള്‍
വെറുതെ ജനാല തുറന്നു
അവള്‍ അവിടെ ഊയലാടുന്നു
കയ്യില്‍ പഴയ പ്രണയലേഖനവും

കപ്പിത്താന്‍ സാമുവേല്‍ ദെക്കൊതയുടെ അവസാന കപ്പല്‍ യാത്ര


ആദ്യം തണുത്ത ഈറന്‍ കാറ്റിന്‍റെ ചുംബനം
മതിമറന്നു നില്‍ക്കവേ
തൊപ്പി
ഇരുട്ടാല്‍ കറുത്ത കടലിലേക്ക്

കാലിടറിയിട്ടും
കടല്‍ ഇളകിയതറിഞ്ഞില്ല

പായ
പറന്നകന്നത് മിന്നല്‍ വെളിച്ചത്തില്‍ കണ്ടു
കാഴ്ച്ച കണ്ണില്‍ ഒതുങ്ങി

ചെവിയില്‍ രോദനങ്ങള്‍
അല്ല ഹൃദയത്തില്‍
ഒപ്പം പോരാടിയവരുടെ
വീഞ്ഞിന്‍ ലഹരിയില്‍ വ്യഭിചരിചരിച്ചവരുടെ
കൊള്ളയും കണ്ണീരും പങ്കുപറ്റിയവരുടെ

അത് മാത്രം കേട്ടു
ഹൃദയംകൊണ്ട്

അറിഞ്ഞില്ല
കൊടിമരം വീണതും
ഉപ്പുവെള്ളം ശ്വസിച്ചതും

നിറങ്ങള്‍


ജാരന്‍ തെളിച്ച സിഗരെറ്റ്‌ വെളിച്ചത്തില്‍
നിന്‍റെ മുഖം ചുവന്നിരുന്നു
നിന്‍റെ മാരന്‍
ആഷ്ട്രേയില്‍ സിഗരെറ്റ്‌ തിരുകിയപ്പോള്‍
നിനക്ക് കടലാസ് വെളുപ്പ്
ഇന്നീതണുത്ത വെളുപ്പിന്
മോര്‍ച്ചറിയില്‍
ഞാന്‍ കണ്ട നീ നീല സുന്ദരി
നിറങ്ങളുടെ രാജകുമാരീ
മഴവില്ല് നിനക്ക് സ്വന്തം
നോക്കൂ:
നിന്‍റെ കല്ലറയ്ക്ക് ചുറ്റും
ഞാന്‍ ഏഴു നിറങ്ങളിലുള്ള
തൂലിപ്പുകള്‍ നട്ടിട്ടുണ്ട്

ഭാരത് മാതാ കീ ജയ്‌



മറക്കാതെ കാണുക
രാജ്യസ്നേഹികളാകുക: "ഇരുപത്തിയാറ് പതിനൊന്ന്"
ഓര്‍ക്കാം നമുക്ക്
വെണ്ണക്കല്‍ കൊട്ടാരത്തിലെ
രക്തത്തെ തീയെ ഒച്ചയെ
ചിതറിയ തലച്ചോറ് ക്യാമറയില്‍ പകര്‍ത്തിയ പ്രാഗല്ഭ്യത്തെ
24*7 കവറേജ്
രാത്രികാല വെടിവട്ടങ്ങള്‍
ടെലിവൈസ്ഡ് കൊലപാതക പുനര്‍സംപ്രേക്ഷണങ്ങള്‍
നിങ്ങള്‍ക്കൊപ്പം നിങ്ങളുടെ പ്രിയ താരങ്ങളും
മറക്കാതെ കാണുക
രാജ്യസ്നേഹികളാകുക:
"ഇരുപത്തിയാറ് പതിനൊന്ന്"

കാറ്റ്


സ്വര്‍ണ്ണനെല്‍ചെടികള്‍

വളര്‍ന്ന് കുനിഞ്ഞ

പുഞ്ചപ്പാടത്തിന്‍ നടുവിലെ

ഉച്ചവെയില്‍ തട്ടിമാറ്റും

പടിഞ്ഞാറന്‍ കാറ്റിനുനെന്മണം

അഭിമാനത്തിന്‍ പൊന്മണം