Monday, July 19, 2010

പുലരിവിരിയും മുമ്പ്


നേരമായ് നേരമായ്
രാത്രീ കൊഴിഞ്ഞു പോയ്‌
വേഗമുണര്‍ന്നു നീ
യാത്രയാകൂ
തെക്കേ തുരുത്തിലെ
കായലിന്‍ ഓരത്ത്
കൈതവരാലിന്‍
തടം കിടപ്പൂ

എത്രനാള്‍ ഇങ്ങനെന്‍
മാറിലെ ചൂടിനോ-
ടൊട്ടി കിടന്നു നീ
തള്ളി നീക്കും
എത്രനാള്‍ ഇങ്ങനീ
ചെറ്റക്കുടീയിലെ
പട്ടിണീം പ്രേമവും
ഒത്തു പോകും

ഒറ്റാലും കൂടയും
താമര തോണിയും
സ്ത്രീധനമായി ഞാന്‍
തന്നതല്ലേ
എന്നിട്ടും എന്നെയീ
ചെറ്റക്കുടീയിലെ
കീറിയ പായില്‍
കിടത്തൂ എന്തേ

ചുണ്ടിലെ തേന്‍മോഴീം
നെഞ്ചിലെ കൊഞ്ചലും
റേഡിയോ സെറ്റിനു
പകരമാവോ
എന്നുടെ വയറ്റിലൊരു
കാര്‍വര്‍ണ്ണന്‍ എങ്കിലോ
വേണ്ടേ അവനൊരു
പോന്നേലസ്സ്
എന്നുടെ വയറ്റിലൊരു
പെണ്മണി എങ്കിലോ
വേണ്ടേ അവള്‍ക്കൊരു
പാദസരം

തീക്കനല്‍ പൊലെയീ
ഇന്നിന്‍റെ നീറ്റലും
നാളേടെ ചോദ്യവും
ഓര്‍മ്മയില്‍ ഉണ്ടായിരിക്കവേണം
ഓര്‍മ്മകള്‍ ഓര്‍മ്മകള്‍
ഓളങ്ങള്‍ പോലവ
നിന്നുടെ നെഞ്ചില്‍
അലയടിച്ചാല്‍
പൂത്തുലഞ്ഞാടീടും
നമ്മുടെ വള്ളികള്‍
സ്നേഹം ചുരത്തിടും
പര്‍ണ്ണശാല

നേരമായ് നോക്കുനീ
കുന്നിന്‍ ചെരുവിലൂ-
ടര്‍ക്കനുദിക്കേണ്ട
നേരമായി
പോവുക വേഗം നീ
തെക്കേ തുരുത്തിലെ
കൈതവരാലിന്‍
തടത്തിലേക്ക്‌

No comments:

Post a Comment